Saturday, November 17, 2012

ഭൂമിക്കൊരു ചരമഗീതം -- ഒ.എന്‍.വി കുറുപ്പ്‌

ഭൂമിക്കൊരു ചരമഗീതം
ഒ.എന്‍.വി കുറുപ്പ്‌



ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!



നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

സർഗ്ഗസംഗീതം -- വയലാര്‍‌ രാമവര്‍മ്മ


ആരണ്യാന്തരഗഹ്വരോദരതപ-
സ്ഥാനങ്ങളിൽ‌, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രഞ്ചപരിണാ-
മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞൂ പണ്ടവരിലെ-
ചൈതന്യമെൻ‌ ദർശനം

ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ‌, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർ‌ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനി-
ക്കെന്നേക്കുമായ് തന്നതാ-
ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം‌.

നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌
വർഷിച്ച നാളിൽ‌, ഗതോ-
ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ, കാലമേ
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ‌ പാനപാത്രങ്ങളിൽ!
ഓരോ ജീവകണത്തിനുള്ളിലുമുണർ‌-
ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-
കാരോപാസനശക്റിയായ്,ചിരതപ-
സ്സങ്കൽ‌പ്പസങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!

വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
താളം‌ രാഗലയശ്രുതിസ്വരമിവയ്-
ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!

ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ
പൊൻപ്പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള-
ത്തൊന്നുമ്മ വച്ചീടവേ..
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ചെന്നൂ ഞാൻ;
നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –
പ്പാദസരം നൽകുവാൻ!

കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാല്മീകമു;
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സ്നകൾ‌!

ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?

കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ, മുലപ്പാലുമായ്
പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.

വീണപൂവ്‌ കുമാരനാശാന്‍


ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം


ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

വലയില്‍ വീണ കിളികള്‍ -- അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

വാഴക്കുല -ചങ്ങമ്പുഴ


വാഴക്കുല -ചങ്ങമ്പുഴ

മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍
മലയന്‍റെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു വന്നപ്പോള്‍
മലയന്‍റെ മാടവും പൂക്കള്‍ ചൂടി.
വയലില്‍ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌
വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാന്‍ രാവിലെ പോകും മലയനു-
മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവിപറ്റാറില്ലവര്‍ക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
ലതുവേഗവേഗം  വളര്‍ന്നുവന്നു;
അജപാലബാലനില്‍ ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണല്‍-
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും.
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പോ,ഴുതപ്പുലാക്കിടങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്‍കി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

കരയും ചിരിക്കു,മിടയ്ക്കിടെ ത്തമ്മിലാ-
'ക്കരുമാടിക്കുട്ടന്മാര്‍'  മല്ലടിക്കും!
അതു കാണ്‍കെ പ്പൊരിവെയിലിന്‍ ഹൃദയത്തില്‍ ക്കൂടിയു-
മലിവിന്‍റെ നനവൊരു നിഴല്‍ വിരിക്കും!

അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെസന്കടമാരറിയാന്‍?
അവരര്‍ദ്ധനഗ്നന്മാ,രാതപമഗ്നമാ-
രവരുടെ പട്ടിണിയെന്നു തീരാന്‍?

അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ-
ളവരുടെ ദുരിതങ്ങളെങ്ങോടുങ്ങാന്‍?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍, നീതിക-
ളിടമില്ലവര്‍ക്കൊന്നു കാലുകുത്താന്‍ !

ഇടറുന്ന കഴല്‍വയ്പ്പൊടുഴറിക്കുതിക്കയാ-
ണിടയില്ല ലോകത്തിനിവരെ നോക്കാന്‍.
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ-
ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്‍റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ!

പറയുന്നു മാതേവന്‍- " ഈ ഞാലിപ്പൂവന്‍റെ
പഴമെത്ര സാദോള്ളതായിരിക്കും !"
പരിചോ, ടനുജന്‍റെ വാക്കില്‍ ചിരി വന്നു
ഹരിഹാസഭാവത്തില്‍ തേവനോതി:
"കൊലവരാറായി, ല്ലതിനുമുമ്പേതന്നെ
കൊതിയന്‍റെ നാക്കത്തു വെള്ളം വന്നു!"

പരിഭവിച്ചീടുന്നു നീലി :"അന്നച്ചന-
തരി വാങ്ങാന്‍ വല്ലോര്‍ക്കും വെട്ടി വിക്കും."
"കരുനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടെ!"
കരുവള്ളോന്‍ കോപിച്ചോരാജ്ഞ നല്‍കി!

അതു കേ, ട്ടെഴുന്നേറ്റു ദൂരത്തു മാറിനി-
ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി

"പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി-
പ്പകുതീം ഞാനൊററയ്ക്കു കട്ടു തിന്നും!"

"അതു കാണാ,മുവ്വടീ ചൂരപ്പഴാ നെന-
ക്കതിമോഹമേറെക്കടന്നുപോയോ!
ദുരമൂത്ത മറുതേ, നിന്‍തൊടയിലെത്തൊലിയന്നി-
ക്കരുവള്ളോനുരിയണോരുരിയല്‍ കണ്ടോ!.."
ഇതു വിധം നിത്യമാ വാഴച്ചുവട്ടി,ല -
ക്കൊതിയസമാജം നടന്നു വന്നു.

കഴിവതും വേഗം കുലയ്ക്കണ,മെന്നുള്ളില്‍-
ക്കരുതിയിരിക്കുമാ വാഴപോലും!
അവരുടെയാഗ്രഹമത്രയ്ക്കഗാധവു-
മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴകുലച്ചതു കാരണം
തിരുവോണം വന്നു പുലക്കുടിലില്‍,
കലഹിക്കാന്‍ പോയില്ല പിന്നീടോരിക്കലും
കരുവള്ളോന്‍ നീലിയോടെന്തുകൊണ്ടോ!

അവളൊരുകള്ളിയാ,ണാരുമറിഞ്ഞിടാ-
തറിയാമവള്‍ക്കെന്തും കട്ടുതിന്നാന്‍.
അതുകൊണ്ടവളോടു സേവകൂടീടുകി-
ലവനുമതിലൊരു പങ്കു കിട്ടാം .

കരുവള്ളോന്‍ നീലിതന്‍ പ്രാണനായ്‌, മാതെവന്‍
കഴിവതും കേളനെ പ്രീതനാക്കി.
നിഴല്‍ നീങ്ങി നിമിഷത്തില്‍ നിറനിലാവോതുന്ന
നിലയല്ലോനിര്‍മല ബാല്യകാലം !

അരുമക്കിടാങ്ങള്‍തന്നാനന്ദം കാണ്‍കയാ-
ലഴകിക്കു ചിത്തം നിറഞ്ഞു പോയി.
കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്‍
മലയനുമുള്ളില്‍ തിടുക്കമായി.
അവരോമല്‍പ്പൈതങ്ങള്‍ക്കങ്ങനെയെങ്കിലു-
മവനൊരു സമ്മാനമേകാമല്ലോ.
അരുതവനെല്ലുനുറുങ്ങി യത്നിക്കിലു-
മരവയര്‍ക്കഞ്ഞിയവര്‍ക്കു നല്‍കാന്‍,
ഉടയോന്‍റെ മേടയി,ലുണ്ണികള്‍ പഞ്ചാര-
ച്ചുടുപാലടയുണ്ടു റങ്ങിടുമ്പോള്‍,
അവനുടെ കണ്മണിക്കുഞ്ഞുങ്ങള്‍ പട്ടിണി-
ക്കലയണമുച്ചക്കൊടുംവെയിലില്‍!
അവരുടെ തൊണ്ടനനയ്ക്കുവാനുള്ളതെ-
ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം!

കനിവറ്റ ലോകമേ, നീ നിന്‍റെ ഭാവനാ-
കനകവിമാനത്തില്‍ സഞ്ചരിക്കൂ,
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ-
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ,
പ്രണയത്തില്‍ കല്‍പ്പകത്തോപ്പിലെ, പ്പച്ചില -
ത്തണലിലിരുന്നു കിനാവുകാണൂ.
ഇടനെഞ്ഞു പൊട്ടി, യീ പ്പാവങ്ങളിങ്ങനെ-
യിവിടെക്കിടന്നു തുലഞ്ഞിടട്ടെ.
അവര്‍തന്‍ തലയോടുകള്‍ കൊണ്ടു വിത്തേശ്വര-
രരമന കെട്ടിപ്പടുത്തിടട്ടെ.
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ-
രവകാശഗര്‍വ്വം നടിച്ചിടട്ടെ.
ഇവയൊന്നും നോക്കേണ്ട,കാണേണ്ട, നീ നിന്‍റെ
പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളൂ !

മലയനാ വാഴയെ സ്പര്‍ശിച്ച മാത്രയില്‍
മനതാരില്‍ നിന്നൊരിടി മുഴങ്ങി.
അതിനുടെ മാറ്റൊലി ചക്രവാളം തകര്‍-
ത്തലറുന്ന മട്ടിലവനു തോന്നി.
പകലിന്‍റെ കുടര്‍മാലച്ചുടുചോരത്തെളി കൂടി-
ച്ചകലത്തിലമരുന്നിതന്തിമാര്‍ക്കന്‍!
ഒരു മരപ്പാവപോല്‍ നിലകൊള്ളും മലയനി-
ല്ലൊരുതുള്ളി രക്തമക്കവിളിലെങ്ങും !
അനുമാത്രം പൊള്ളുകയാണവനാത്മാവൊ-
രസഹനീയാതപജ്ജ്വാല മൂലം!
അമിതസന്തുഷ്ടിയാല്‍ തുള്ളിക്കളിക്കയാ-
ണരുമക്കിടാങ്ങള്‍ തന്‍ ചുറ്റുമായി;
ഇലപോയി, തൊലി പോയി,മുരടിച്ചോരിലവിനെ
വലയം ചെയ്തുലയുന്ന ലതകള്‍ പോലെ.

അവരുടെ മിന്നിവിടര്‍ന്നൊരക്കണ്ണുക -
ളരുതവനങ്ങനെ നോക്കി നില്‍ക്കാന്‍ .
അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല്‍ ക-
ണ്ടവനന്തരംഗം തകര്‍ന്നു പോയി.
കുല വെട്ടാന്‍ കത്തിയുയര്‍ത്തിയ കൈയ്യുകള്‍
നിലവിട്ടു വാടിത്തളര്‍ന്നു പോയി.

കരുവള്ളോന്‍ നീലിക്കൊരുമ്മ കൊടുക്കുന്നു,
കരളില്‍ തുളുമ്പും കുതൂഹലത്താല്‍.
അവളറിയാതുടനസിതാധരത്തില്‍ നി-
ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള്‍.

മലയന്‍റെ കണ്ണില്‍ നിന്നിറ്റിറ്റു വീഴുന്നു
ചിലകണ്ണീര്‍ക്കണികകള്‍ പൂഴിമണ്ണില്‍ .
അണുപോലും ചലനമറ്റമരുന്നിതവശരാ
യരികത്തുമകലത്തും തരുനിരകള്‍!

സരസമായ്‌ മാതേവന്‍ കേളന്‍റെ തോളത്തു
വിരല്‍ത്തട്ടിത്താളം പിടിച്ചു നില്‍പ്പൂ.
അണിയിട്ടിട്ടനുമാത്രം വികസിക്കും കിരണങ്ങ-
ളണിയുന്നു കേളന്‍റെ കടമിഴികള്‍!

ഇരുള്‍ വന്നു മൂടുന്നു മലയന്‍റെ കണ്‍മുമ്പി,-
ലിടറുന്നു കാലുകളെന്തു ചെയ്യും ?
കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്‍
ചതിവീശും വിഷവായു തിരയടിപ്പൂ!

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി-
ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?..
കുല വെട്ടി!-മോഹിച്ചു,മോഹിച്ചു, ലാളിച്ച
കുതുകത്തിന്‍ പച്ചക്കഴുത്തു വെട്ടി!-
കുല വെട്ടി!- ശൈശവോല്ലാസ കപോതത്തിന്‍
കുളിരൊളിപ്പൂവല്‍ ക്കഴുത്തു വെട്ടി!-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികള്‍.

ഒരു വെറും പ്രേതം കണക്കതാ മേല്‍ക്കുമേല്‍
മലയന്‍റെ വക്ത്രം വിളര്‍ത്തു പോയി!

കുലതോളിലേന്തിപ്രതിമയെപ്പോലവന്‍
കുറെനേരമങ്ങനെ നിന്നുപോയി!

അഴിമതി, യക്രമ, മത്യന്ത രൂക്ഷമാ-
മപരാധം , നിശിതമാമശനീപാതം!
കളവെന്തന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റലോകം കപട ലോകം !
നിസ്വാര്‍ത്ഥസേവനം. നിര്‍ദ്ദയ മര്‍ദ്ദനം
നിസ്സഹായത്വം, ഹാ, നിത്യ ദുഃഖം!

നിഹതനിരാശാതിമിരം ഭയങ്കരം !
നിരുപാധികോഗ്രനിയമഭാരം !-
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പ്രതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?

കുല തോളിലേന്തി പ്രതിമപോലങ്ങനെ
മലയനാ മുറ്റത്തു നിന്നു പോയി.
അരുത,വനൊച്ച പോങ്ങുന്നതില്ല ,ക്കരള്‍
തെരുതെരെപ്പെര്‍ത്തും തുടിപ്പു മേന്‍മേല്‍ !
ഒരു വിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങള്‍ തെറിപ്പൂകാറ്റില്‍:
" കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാന്‍ ..
ഒരു വാഴ വേറെ ...ഞാന്‍ കൊണ്ടു പോട്ടെ !"

മലയന്‍ നടക്കുന്നു -- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !...

സ്വാഗതം കുഞ്ഞിക്കാറ്റെ(സ്വാഗതം കാറ്റെ) -- സിസ്റ്റര്‍ ബെനീഞ്ച


കവിത: സ്വാഗതം കാറ്റെ
രചന: സിസ്റ്റര്‍ ബെനീഞ്ച



സ്വാഗതം കുഞ്ഞിക്കാറ്റെ
പൊന്നിളം കാറ്റെ നിന്റെ
ആഗമം പ്രതീക്ഷിച്ചു
തന്നെ ഞാന്‍ ഇരിയ്ക്കുന്നു
വന്നിടാം അകത്തേയ്ക്കു
സംശയം വേണ്ട നല്ല
സന്ദേശം എന്തൊക്കെയോ
കൊണ്ടു വന്നിട്ടുണ്ടാകാം
ചന്ദനക്കുന്നില്‍ നിന്നോ
വന്നിടുന്നതോ സുധ
ശ്രിന്തിയാണല്ലോ ഭവാന്‍
ചിന്തുന്നു പരിമളം
അല്ലെങ്കില്‍ ആരാമങ്ങള്‍
പലതും വാസന്തശ്രീ
ഉല്ലസിച്ചീടുന്നവ
തടവി പോന്നിട്ടുണ്ടാം
നല്ലവരോടു വീണ്ടും
സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനിന്നും
ഞാനറിഞ്ഞിരിയ്ക്കുന്നു
കണ്ടില്ലേ മദ്ദിമാര്‍ഗ്ഗം
നല്ല പത്മാകരങ്ങള്‍
വീണ്ടുമ്പോള്‍ വികസിച്ചു
നില്‍ക്കുന്നു പൂക്കളെല്ലാം
സുന്ദര നളിനങ്ങള്‍
കുണുങ്ങി ചാഞ്ചാടുന്ന-
തെങ്ങിനെയെന്നു ഭവാന്‍
ഒന്നു വര്‍ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍-
ക്കിരയേകുവാനായി
തുറന്ന ഭണ്ഢാരങ്ങ-
ളവയില്‍ കാണുന്നില്ലേ
ഇരമ്പി പാടിപ്പാടി
പാറയില്‍ തട്ടിത്തട്ടി
ഒഴുകും സ്രവന്തിക-
ളങ്ങയെ കണ്ട നേരം
എങ്ങിനെ സല്‍ക്കാരങ്ങള്‍
നല്‍കിയെന്നതും ഭവാന്‍
ഭംഗിയായ് പറഞ്ഞെന്നെ
ഒന്നു കേള്‍പ്പിയ്ക്കില്ലയോ
സഹ്യന്റെ സാനുക്കളില്‍
പ്രകൃതീശ്വരിയേറ്റും
ലോഹ്യമായി നിലകൊള്ളും
രംഗമിപ്പോഴും കാണ്മാന്‍
എത്ര ഞാനാശിയ്ക്കുന്നു
കുഞ്ഞിളം കാറ്റെ നിന്നോ-
ടൊത്തു ഞാന്‍ വരട്ടെയോ
കൊണ്ടുപോകുമോയെന്നെ..

സഫലമീ യാത്ര എന്‍. എന്‍. കക്കാട്‌


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങോട്ട് കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !